National
ഹൈദരാബാദ്: കോൺക്രീറ്റ് മിക്സുമായി എത്തിയ ട്രക്ക് ആഢംബര കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ആന്ധ്രാ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ബി. ശ്രീനിവാസ റാവു ആണ് മരിച്ചത്.
ഹൈദരാബാദ് വിജയവാഡ ഹൈവേയിൽ കീസര ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം നടന്നത്. വൈകുന്നേരം 4.20 ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് ശ്രീനിവാസ റാവു സഞ്ചരിച്ച കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.
ശ്രീനിവാസ റാവു അമരാവതിയിൽ നടന്ന ബാർ കൗൺസിൽ ഇലക്ഷനിൽ പങ്കെടുത്ത ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം. ട്രക്ക് മറിഞ്ഞതിനെ തുടർന്ന് പൂർണമായും തകർന്ന കാറിൽ നിന്ന് ശ്രീനിവാസ റാവുവിനെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പുറത്തെടുത്തത്.
അപകട സ്ഥലത്ത് വച്ചുതന്നെ ശ്രീനിവാസ റാവു മരിച്ചിരുന്നു. വിജയവാഡ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
ദിബ്രുഗഡ്: ആന്ധ്രാപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മലയാളി വൈദികൻ മരിച്ച നിലയിൽ. ദിബ്രുഗഡ് രൂപതാംഗമായ ഫാ. ജോസഫ് മൂലനെയാണ് (91) റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച ദിബ്രുഗഡിൽ നിന്ന് എറണാകുളത്തേക്കുള്ള വിവേക് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഫാ. ജോസഫ് മൂലനെ കാണാതായത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തെ അവസാനമായി കണ്ടത് രാത്രി 10:30 ന് രാജമുന്ദ്രി റെയിൽവേ സ്റ്റേഷനിലാണ്.
അദ്ദേഹത്തിന്റെ തിരോധാനത്തിനു പിന്നാലെ രൂപത നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ആർപിഎഫിന്റെ നേതൃത്വത്തിൽ തിരച്ചിലും നടത്തിയിരുന്നു. ഒടുവിൽ ആന്ധ്രയിലെ ഏലൂരിലെ ഒരു റെയിൽവേ ട്രാക്കിന് സമീപമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. യാത്രയ്ക്കിടെ അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീണതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ഫാ. ജോസഫ് മൂലന്റെ അപ്രതീക്ഷിത വിയോഗം രൂപതയ്ക്കും കുടുംബത്തിനും നികത്താനാകാത്ത നഷ്ടമാണെന്ന് ദിബ്രുഗഡ് ബിഷപ്പ് ആൽബർട്ട് ഹെമ്രോം പ്രസ്താവനയിൽ അറിയിച്ചു.
National
അമരാവതി: ആന്ധ്രപ്രദേശിൽ എംഎൽഎ ഓൺലൈൻ തട്ടിപ്പിനിരയായി. പോളവരം മണ്ഡലത്തിൽ നിന്നുള്ള ജനസേന പാർട്ടി എംഎൽഎ ചിരി ബാലരാജുവിനാണ് 12 ലക്ഷം രൂപ നഷ്ടമായത്. റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ചലാൻ എന്ന വ്യാജേന വന്ന വാട്സാപ്പ് സന്ദേശത്തിലൂടെയാണ് തട്ടിപ്പ് നടന്നത്.
എംഎൽഎയുടെ വാട്സാപ്പിലേക്ക് ആർടിഎ ചലാൻ അടയ്ക്കാനുള്ള ലിങ്ക് എന്ന പേരിൽ ഒരു സന്ദേശം ലഭിച്ചു. ഇത് വിശ്വസിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് ബാലരാജുവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടത്. ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ വിവിധ ഇടപാടുകളിലൂടെ 12 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടമായി.
തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടൻ അദ്ദേഹം പോലീസിൽ പരാതി നൽകുകയായിരുന്നു. ജീലുകുമില്ലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനും പണം വീണ്ടെടുക്കാനുമുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
National
അമരാവതി: ആന്ധ്രാപ്രദേശിലെ എലൂരു ജില്ലയിലെ ഗോദാവരി നദിയിൽ കുളിക്കാനിറങ്ങിയ അഞ്ച് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾ രക്ഷപ്പെട്ടു.
ഗുണ്ടൂരിലെ ഒരു സ്വകാര്യ സർവകലാശാലയിലെ വിദ്യാർഥികളാണ് നദിയിൽ കുളിക്കാനിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ആഴമില്ലെന്ന് കരുതി നദിയിലിറങ്ങിയ ഇവർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. നീന്തൽ അറിയാമായിരുന്ന രണ്ട് പേർ നീന്തി കരയ്ക്ക് കയറി രക്ഷപ്പെട്ടു.
ഇതുവരെ മൂന്ന് വിദ്യാർഥികളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കാണാതായ മറ്റ് രണ്ട് വിദ്യാർഥികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
National
കാക്കിനഡ: ആന്ധ്രപ്രദേശ് കാക്കിനഡയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഇതോടെ കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി.
വെറ്റ്ലപാലം സമാർലകോട്ടയിലുണ്ടായ അപകടത്തിൽ ആദ്യം 20 പേരുടെ മരണമാണു സ്ഥിരീകരിച്ചത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേർകൂടി തൊട്ടടുത്ത ദിവസങ്ങളിൽ മരണത്തിനു കീഴടങ്ങി.
പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം മറ്റ് അഞ്ച് പേർ അപകടനില തരണം ചെയ്തു.
National
വെറ്റ്ലപാലം: ആന്ധ്രപ്രദേശിലെ കാക്കിനഡയിൽ പടക്കനിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 21 പേർ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ എട്ടുപേരെ കാക്കിനഡ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭൂരിഭാഗത്തിനും 90 മുതൽ 100 ശതമാനം വരെ പൊള്ളലേറ്റതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
വെറ്റ്ലപാലത്തെ സമർലകോട്ടയിലുള്ള സൂര്യ ഫയർ വർക്ക് എന്ന സ്ഥാപനത്തിലാണ് അപകടം. സ്ഫോടനത്തെത്തുടർന്ന് ആളുകളുടെ ശരീരഭാഗങ്ങൾ തൊട്ടടുത്ത വയലിലേക്കു തെറിച്ചുപോയി. വളം കൊണ്ടുവരുന്ന ചാക്കുകൾ ഉപയോഗിച്ചാണ് ശരീരഭാഗങ്ങൾ നീക്കംചെയ്തത്. ഡ്രോൺ സഹായത്തോടെ ഉൾപ്പെടെ നടത്തിയ തെരച്ചിലിലാണ് 21 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
പ്രദേശമാകെ പുകപടലംനിറഞ്ഞതോടെ രക്ഷാപ്രവർത്തനം വൈകി. അപകടസമയത്ത് മുപ്പതിലേറെ തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നതെന്ന് മന്ത്രി കെ. ദുർഗേഷ് അറിയിച്ചു.
അപകടസ്ഥലത്തുള്ള ഒരാൾപോലും രക്ഷപ്പെടാൻ സാധ്യതയില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അപകടസ്ഥലത്ത് ഉടൻ സന്ദർശനം നടത്തുമെന്ന് സർക്കാർ അറിയിച്ചു.
National
രാജമഹേന്ദ്രവാരം: ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിൽ രാജമഹേന്ദ്രവാരത്ത് മായംകലർന്ന പാൽ ഉപയോഗിച്ച നാലു പേർ മരിച്ചു. അനധികൃതമായി വിറ്റഴിച്ച പാൽ ഉപയോഗിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്നു പോലീസ് അറിയിച്ചു.
ഞായറാഴ്ചയും ഇന്നലെയുമാണ് നാലു പേരുടെ മരണം. പാൽ ഉപയോഗിച്ചവരുടെ വൃക്കകളുടെ പ്രവർത്തനം നിലച്ചതുമൂലം മൂത്രതടസം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.
മരിച്ചവരുടെ ആശ്രിതർക്കു പത്തുലക്ഷം രൂപ വീതം സഹായം നൽകുമെന്നു മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാചെലവും സർക്കാർ വഹിക്കും. അന്വേഷണത്തിനും മുഖ്യമന്ത്രി നിർദേശം നൽകി.
National
അമരാവതി: സമൂഹമാധ്യമങ്ങളിൽ കുട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നിയമം നിർമിക്കാനൊരുങ്ങി ആന്ധ്രപ്രദേശ് സർക്കാർ.
16 വയസിൽ താഴെ പ്രായമുള്ളവർക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണം അതല്ലെങ്കിൽ പൂർണമായ വിലക്ക് സംബന്ധിച്ച് വിശദമായി പഠിക്കാൻ സർക്കാർ പ്രത്യേക മന്ത്രിതല സമിതിയെ നിയോഗിച്ചതായി സംസ്ഥാന ആഭ്യന്തര മന്ത്രി വംഗലപുടി അനിത അറിയിച്ചു.
2025 ഒക്ടോബറിൽ രൂപവത്കരിച്ച സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അവർ പറഞ്ഞു. ഐടി മന്ത്രി നാരാ ലോകേഷ് അധ്യക്ഷനായ സമിതിയിൽ ആഭ്യന്തര മന്ത്രി വംഗലപൂടി അനിത, ആരോഗ്യ മന്ത്രി സത്യകുമാർ എന്നിവർ അംഗങ്ങളാണ്.
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും ദുരുപയോഗവും കുട്ടികളെ ബാധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണു നീക്കം.
National
മോറി: ആന്ധ്രാപ്രദേശിലെ എണ്ണക്കിണറിലുണ്ടായ തീപിടിത്തം രണ്ടാം ദിവസവും അണയ്ക്കാനായില്ല. തിങ്കളാഴ്ചത്തെ അപേക്ഷിച്ച് തീപിടിത്തത്തിൽ നേരിയ ശമനമുണ്ടായിട്ടുണ്ട്. ഡല്ഹിയില്നിന്ന് ഒഎന്ജിസിയുടെ വിദഗ്ധ സംഘം ഇന്നലെ സ്ഥലത്തെത്തി.
ഡോ. ബി.ആര്. അംബേദ്കര് കൊണസീമ ജില്ലയിലെ എണ്ണക്കിണറില് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.40ഓടെയാണ് തീപിടിത്തമുണ്ടായത്. ഒഎന്ജിസിയുടെ മോറി-5 എന്ന കിണറിലാണ് സംഭവം.
അഞ്ച് കിലോമീറ്റർ ചുറ്റളവില്നിന്നും ആളുകളെ പൂര്ണമായി ഒഴിപ്പിച്ചിരിക്കുകയാണ്. മൂന്ന് ഗ്രാമങ്ങളില്നിന്നായി 600ഓളം പേരെ ഒഴിപ്പിച്ചു. 2024ല് 1,402 കോടി രൂപയുടെ കരാറിലൂടെ ഡീപ് ഇന്ഡസ്ട്രീസ് ലിമിറ്റഡ് ഈ എണ്ണക്കിണര് ഏറ്റെടുത്തിരുന്നു.
National
മോറി: ആന്ധ്രാപ്രദേശിലെ കൊണസീമയിലെ ഒഎന്ജിസി എണ്ണക്കിണറില് വാതകച്ചോര്ച്ചയെത്തുടര്ന്ന് തീപിടിച്ചു.
ഇന്നലെയാണ് ഒഎന്ജിസിയുടെ ഉത്പാദന കരാറുകാരായ ഡീപ് ഇന്ഡസ്ട്രീസ് ലിമിറ്റഡ് നടത്തുന്ന എണ്ണക്കിണറില് വാതകച്ചോര്ച്ച ഉണ്ടായത്.
തീപിടിത്തത്തില് ആര്ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര് വ്യക്തമാക്കി.എണ്ണക്കിണറിന് 600 മീറ്റര് ചുറ്റളവില് ആള്താമസമില്ല. സ്ഥിതിഗതികള് വിലയിരുത്തുന്നതിനും സംഭവത്തിന്റെ കാരണം വിശകലനം ചെയ്യുന്നതിനുമായി ഒഎന്ജിസി ഉദ്യോഗസ്ഥര് സ്ഥലത്തെത്തി.
അന്താരാഷ്ട്ര എണ്ണക്കിണര് നിയന്ത്രണ വിദഗ്ധരുമായി ഏകോപനം ആരംഭിച്ചിട്ടുണ്ടെന്ന് ഒഎന്ജിസി പുറത്തിറക്കിയ പ്രസ്താവനയില് പറഞ്ഞു.
National
ഹൈദരാബാദ്: ആന്ധ്രാപ്രദേശില് പ്രായപൂര്ത്തിയാകാത്ത മൂന്ന് മക്കളെ കൊന്ന് ജീവനൊടുക്കി യുവാവ്. നന്ത്യാല് ജില്ലയിലാണ് സംഭവം.
സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. "യുവാവ് പ്രായപൂര്ത്തിയാകാത്ത മൂന്ന് ആണ്മക്കളെയും കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. ഉയ്യലവാഡ ഗ്രാമത്തിലാണ് സംഭവം. മക്കളെ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു. കുട്ടികളുടെ മരണം എങ്ങനെയായിരുന്നു എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാണ് കൂട്ടക്കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം': അല്ലഗഡ്ഡ ഡെപ്യൂട്ടി സൂപ്രണ്ട് കെ. പ്രമോദ് കുമാര് പറഞ്ഞു.
മരിച്ചയാളുടെ ഭാര്യ ഓഗസ്റ്റില് ജീവനൊടുക്കിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും ഭാര്യയുടെ വിയോഗവും താങ്ങാനാകാതെയാണ് യുവാവ് മക്കളെ കൊന്ന് ജീവനൊടുക്കിയതെന്നാണ് സൂചന. സംഭവത്തില് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
അമരാവതി: ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. യെലെട്ടി രാജു(19), യെലെട്ടി അഞ്ജിബാബു(25), കൊല്ലു സത്യനാരായണ ( 28) എന്നിവരാണ് മരിച്ചത്.
പെനുമന്ത്ര മണ്ഡലിലെ പൊളമുരു ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വഴിയരികിലെ കടയുടെ മതിലിൽ ഇടിക്കുകയും ആയിരുന്നു.
മൂന്ന് പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
അമരാവതി: ആന്ധ പ്രദേശിലെ വിജയവാഡയിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിനാൽ മധ്യവയസ്കനെ കുത്തിക്കൊന്നു. പത്ത് രൂപ ചോദിച്ചിട്ട് കൊടുക്കാത്തത് കാരണമാണ് പതിനേഴുകാരൻ 49 കാരനായ ടാറ്റാജി എന്നയാളെ കൊന്നത്.
മദ്യ വിൽപനശാലയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. മദ്യം വാങ്ങാൻ പതിനേഴുകാരൻ ടാറ്റാജിയോട് പണം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം നിരസിച്ച ടാറ്റാജി പതിനേഴുകാരനോട് ദേശ്യപ്പെടുകയും ചെയ്തു.
തുടർന്ന് പതിനേഴുകാരൻ ടാറ്റാജിയെ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തി. ഗുരുതരമായി പരിക്കേറ്റ ടാറ്റാജി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. ഇരുവരും പരിചയക്കാരല്ലെന്നും പോലീസ് വ്യക്തമാക്കി.
Sports
ലക്നോ: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനെതിരെ ആന്ധ്ര പ്രദേശിന് അനായാസ ജയം. ലക്നോവിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ആന്ധ്ര വിജയിച്ചത്.
കേരളം ഉയർത്തിയ 120 റൺസ് വിജയലക്ഷ്യം എട്ട് ഓവർ ബാക്കി നിൽക്കെ ആന്ധ്ര മറികടന്നു. ശ്രികർ ഭരതിന്റെ അർധ സെഞ്ചുറിയുടെയും അശ്വിൻ ഹെബാറിന്റെയും പൈല അവിനാശിന്റെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ആന്ധ്ര അനായാസമായി വിജയിച്ചത്.
ശ്രീകർ 53 റൺസാണ് എടുത്തത്. 28 പന്തിൽ ആറ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ശ്രീകറിന്റെ ഇന്നിംഗ്സ്. അശ്വിൻ 27 റൺസും അവിനാശ് 20 റൺസും സ്കോർ ചെയ്തു. കേരളത്തിന് വേണ്ടി ബിജു നാരായൺ, വിഘ്നേഷ് പുത്തൂർ, അബ്ദുൾ ബാസിത് എന്നിവർ ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത കേരളം 20 വിക്കറ്റ് നഷ്ടത്തിലാണ് 119 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ നായകൻ സഞ്ജു സാംസണിന്റെ മികവിലാണ് കേരളം ഭേദപ്പെട്ട സ്കോർ എടുത്തത്. 119 റൺസിൽ 73 റൺസും സഞ്ജുവിന്റെ വകയായിരുന്നു. 56 പന്തിൽ എട്ടു ബൗണ്ടറികളും മൂന്നു സിക്സറും പറത്തിയ താരം പുറത്താകാതെ നിന്നു.
അതേസമയം, സഞ്ജുവിനെ കുടാതെ 13 റൺസെടുത്ത എം.ഡി. നിതീഷിനു മാത്രമാണ് രണ്ടക്കമെങ്കിലും കാണാനായത്. രോഹൻ കുന്നുമ്മൽ (രണ്ട്), മുഹമ്മദ് അസ്ഹറുദ്ദീൻ (ആറ്), കൃഷ്ണ പ്രസാദ് (അഞ്ച്), പി.എ. അബ്ദുൾ ബാസിത് (രണ്ട്), സൽമാൻ നിസാർ (അഞ്ച്), എൻ.എം. ഷറഫുദ്ദീൻ (മൂന്ന്) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ഏഴു റൺസുമായി എൻ. ബിജു നാരായണൻ പുറത്താകാതെ നിന്നു.
ആന്ധ്രയ്ക്കു വേണ്ടി സത്യനാരായണ രാജു, സൗരഭ് കുമാർ എന്നിവർ രണ്ടുവിക്കറ്റ് വീതവും കെ.വി. ശശികാന്ത്, പൃഥ്വിരാജ് യാര, ബി. യശ്വന്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ലക്നോ: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനെതിരേ ആന്ധ്രയ്ക്ക് വിജയലക്ഷ്യം 120 റൺസ്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
നായകന്റെ പോരാട്ടം കാഴ്ചവച്ച സഞ്ജു സാംസണിന്റെ ഒറ്റയാൾ പോരാട്ടം ഇല്ലായിരുന്നെങ്കിൽ കേരളത്തിന്റെ സ്ഥിതി ദയനീയമായേനെ. 119 റൺസിൽ 73 റൺസും സഞ്ജുവിന്റെ വകയായിരുന്നു. 56 പന്തിൽ എട്ടു ബൗണ്ടറികളും മൂന്നു സിക്സറും പറത്തിയ താരം പുറത്താകാതെ നിന്നു.
അതേസമയം, സഞ്ജുവിനെ കുടാതെ 13 റൺസെടുത്ത എം.ഡി. നിതീഷിനു മാത്രമാണ് രണ്ടക്കമെങ്കിലും കാണാനായത്. രോഹൻ കുന്നുമ്മൽ (രണ്ട്), മുഹമ്മദ് അസ്ഹറുദ്ദീൻ (ആറ്), കൃഷ്ണ പ്രസാദ് (അഞ്ച്), പി.എ. അബ്ദുൾ ബാസിത് (രണ്ട്), സൽമാൻ നിസാർ (അഞ്ച്), എൻ.എം. ഷറഫുദ്ദീൻ (മൂന്ന്) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ഏഴു റൺസുമായി എൻ. ബിജു നാരായണൻ പുറത്താകാതെ നിന്നു.
ആന്ധ്രയ്ക്കു വേണ്ടി സത്യനാരായണ രാജു, സൗരഭ് കുമാർ എന്നിവർ രണ്ടുവിക്കറ്റ് വീതവും കെ.വി. ശശികാന്ത്, പൃഥ്വിരാജ് യാര, ബി. യശ്വന്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ലക്നോ: സയിദ് മുഷ്താഖ് അലി ടി20യില് ആന്ധ്രാപ്രദേശിനെതിരേ കേരളത്തിനു ബാറ്റിംഗ്. ടോസ് നേടിയ ആന്ധ്ര ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അഞ്ച് മത്സരങ്ങളില് 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ആന്ധ്ര. അതേസമയം, മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് അഞ്ചു മത്സങ്ങളില് നിന്നായി 12 പോയിന്റാണുള്ളത്. അതിനാൽ തന്നെ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്.
കേരളം പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസണ് (ക്യാപ്റ്റന്), രോഹന് കുന്നുമ്മല്, മുഹമ്മദ് അസ്ഹറുദ്ദീന്, സല്മാന് നിസാര്, അബ്ദുള് ബാസിത്ത്, ഷറഫുദ്ദീന്, എം.ഡി. നിധീഷ്, കെ.എം. ആസിഫ്, വിഘ്നേഷ് പുത്തൂര്, കൃഷ്ണ പ്രസാദ്, എന്. ബിജു നാരായണന്
ആന്ധ്ര പ്ലേയിംഗ് ഇലവൻ: ശ്രീകര് ഭരത്, അശ്വിന് ഹെബ്ബാര്, ഷെയ്ക് റഷീദ്, റിക്കി ഭുയി (ക്യാപ്റ്റന്), പ്രസാദ്, പൈല അവിനാഷ്, കെ.വി. ശശികാന്ത്, സൗരഭ് കുമാര്, സത്യനാരായണ രാജു, ബൈലപുഡി യശ്വന്ത്, പൃഥ്വി രാജ് യാര.
National
അമരാവതി: ആന്ധ്ര പ്രദേശിലെ അല്ലഗഡയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
ഹൈദാബാദിൽ നിന്ന് പുതുച്ചേരിയിലേയ്ക്ക് പോയ ബസിന് പിന്നിൽ ലോറി ഇടിച്ചുകയറുകയായിരുന്നു. ബദ്രിനാഥ്, ഹരിത എന്നിവരാണ് മരിച്ചത്. രണ്ട് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണ്. 33 പേരാണ് ബസിലുണ്ടായിരുന്നത്.
National
വിജയവാഡ: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജുവിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ മുതിർന്ന മാവോയിസ്റ്റ് കമാൻഡർ മാധവി ഹിദ്മ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ന് നടത്തിയ ദൗത്യത്തിനിടെയാണ് ഏഴു പേരെകൂടി വധിച്ചത്.
കൊല്ലപ്പെട്ടവരിൽ മൂന്നുപേർ വനിതകളാണെന്ന് എഡിജിപി മഹേഷ്ചന്ദ്ര ലദ്ധ അറിയിച്ചു. ടെക് ശങ്കർ എന്നറിയപ്പെടുന്ന ശ്രീകാകുളം സ്വദേശി മെതുരി ജൊക്കറാവു ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തിയത്. എൻടിആർ, കാകിനട, കൊനസീമ, എലൂരു ജില്ലകളിൽനിന്നായി 50 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തെന്നും എഡിജിപി അറിയിച്ചു.
NRI
റിയാദ്: സൗദിയിൽ ഇഖാമ കാലാവധി അവസാനിച്ചതിനെ തുടർന്ന് ജയിലിൽ കഴിഞ്ഞ രോഗബാധിതനായ ആന്ധ്ര സ്വദേശിക്ക് നാടണയാൻ കൈത്താങ്ങായി മലയാളി നഴ്സും ഇന്ത്യൻ എംബസിയും.
കഴിഞ്ഞ വർഷം അറസ്റ്റിലായ ആന്ധ്രപ്രദേശ് നാണ്ടിയാൽ സ്വദേശി ജാക്കീർ ഭാഷ (43) ജയിലിൽ വച്ച് പക്ഷാഘാതം ബാധിക്കുകയും തുടർന്ന് ജയിൽ അധികൃതർ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഏകദേശം ഒരു വർഷത്തോളമായി ചികിത്സയിൽ കഴിഞ്ഞ ജാക്കീർ ആറുമാസത്തോളം അബോധാവസ്ഥയിലായിരുന്നു. ഈ കാലയളവിൽ അദ്ദേഹത്തിന് തുണയായത് ആശുപത്രിയിലെ നഴ്സുമാരായിരുന്നു. നിർധനരായ കുടുംബം ജാക്കീർ ഭാഷയെ നാട്ടിലെത്തിക്കാനുള്ള സഹായം തേടി ഇന്ത്യൻ എംബസിയെ സമീപിച്ചു.
എംബസി ആവശ്യമായ നടപടികൾക്കായി കേളി കലാസാംസ്കാരിക വേദിയുടെ സഹായം അഭ്യർഥിച്ചു. കേളിയുടെ ജീവകാരുണ്യ വിഭാഗം ആശുപത്രിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോൾ ജാക്കീർ ജയിലിന്റെ ഉത്തരവാദിത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് കണ്ടെത്തി.
അതിനാൽ നിയമനടപടികൾ പൂർത്തിയാക്കേണ്ടതായിവന്നു. നടപടികളിൽ എംബസിയിലെ ജയിൽവിഭാഗം ഉദ്യോഗസ്ഥൻ സവാദ് യൂസഫ് കാക്കഞ്ചേരിയും തർഹീൽ വിഭാഗം ഉദ്യോഗസ്ഥൻ ഷറഫുദ്ദീനും കാര്യക്ഷമമായി ഇടപെട്ടു.
മെഡിക്കൽ റിപ്പോർട്ട് പ്രകാരം സ്ട്രക്ചർ സൗകര്യത്തോടു കൂടി ഒരു നഴ്സിന്റെ സഹായത്തോടെ മാത്രമേ ജാക്കീർ ഭാഷയെ നാട്ടിലെത്തിക്കാനാകൂവെന്ന് വ്യക്തമാവുകയും കേളിയുടെ അഭ്യർഥന മാനിച്ച് റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയും കൊല്ലം ജില്ല കൊളത്തൂപ്പുഴ സ്വദേശിനിയുമായ മോനിഷ സദാശിവം രോഗിയെ അനുഗമിക്കാൻ തയാറാവുകയും ചെയ്തു.
ഇതിനായി ആശുപത്രിയിൽ നിന്ന് അവധി എടുത്ത് ഹൈദരാബാദ് വരെ രോഗിയെ അനുഗമിച്ചു. താൻ തെഞ്ഞെടുത്ത തൊഴിൽമേഖലയെ അന്വർഥമാക്കി മറ്റൊരു സഹജീവിക്ക് കൈത്താങ്ങാവാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് മോനിഷ സദാശിവം പറഞ്ഞു.
കഴിഞ്ഞ ദിവസം ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ ജാക്കീർ ഭാഷ സുരക്ഷിതനായി നാട്ടിലെത്തി. യാത്രയ്ക്കാവശ്യമായ ടിക്കറ്റും മറ്റു ചെലവുകളും ഇന്ത്യൻ എംബസിയാണ് വഹിച്ചത്. മോനിഷ സദാശിവം ജാക്കിറിന്റെ കുടുംബത്തോടൊപ്പം വീട്ടുവരെ അനുഗമിച്ചു.